വേനൽ കാല പശു സംരക്ഷണം
#വേനൽ കാല പശു സംരക്ഷണം.
ഇഷ്ടപെട്ടാൽ #share ചെയ്യാൻ മറക്കല്ലേ.....മുട്ട കോഴി/താറാവ് വളർത്തൽ/മൃഗപരിപാലനം/കൃഷി എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.(https://www.facebook.com/muttakozhitharavu/)
ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകിയത് നമ്മൾ പത്രത്തിൽ വായിച്ചു. സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് കണക്കുകൂട്ടല്‍. മാത്രമല്ല ഏതാനും ദിവസം കൂടി ചൂടു തുടരുകയും ചെയ്‌തേക്കുമെന്നും മുൻകരുതലെടുക്കണമെന്നും നിർദ്ദേശമുണ്ട്. മനുഷ്യര്‍ക്കൊപ്പം മൃഗങ്ങള്‍ക്കും ഈ തീച്ചൂടില്‍നിന്നും സംരക്ഷണം നല്‍കാന്‍ കരുതല്‍ നടപടികളെടുക്കണമെന്ന് ഓര്‍ക്കുക.
ബാധിക്കുന്നതാരെ?
വിദേശ ജനുസ്സുകളുമായി പ്രജനനം നടത്തിയുണ്ടാക്കിയ സങ്കരയിനം പശുക്കള്‍ക്ക് ചൂട് താങ്ങാന്‍ കഴിവ് കുറവാണ്. സുനന്ദിനി എന്ന ഓമനപ്പേരിലറിയപ്പെടുന്ന കേരളത്തിലെ സങ്കരയിനം പശുക്കള്‍ക്ക് ചൂടുകാലം കഷ്ടകാലമാണ്. ഉയരുന്ന ചൂടിനൊപ്പം അന്തരീക്ഷത്തിലെ ആര്‍ദ്രത കൂടി ഉയരുമ്പോള്‍ മൃഗങ്ങളുടെ ശരീരോഷ്മാവ് നിയന്ത്രിക്കുന്ന ശാരീരിക പ്രക്രിയകളെ അതു ബാധിക്കുന്നു. ഇത് കന്നുകാലികളുടെ പ്രതിരോധശേഷിയെയും, പ്രത്യുല്‍പാദനത്തെയും, ക്ഷീരോല്‍പാദനത്തെയും സാരമായി ബാധിക്കുന്നു. എരുമകളാണ് തീച്ചൂടിന്റെ മറ്റൊരു രക്തസാക്ഷി.
ബാധിക്കുന്നതെങ്ങനെ?
എല്ലാ ജീവജാലങ്ങളിലും ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഫലമായി ധാരാളം ചൂട് ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. അന്തരീക്ഷവുമായുള്ള നിരന്തര സംവേദനം വഴി അതൊരു നിശ്ചിത ശരീര ഊഷ്മാവായി നിലനിര്‍ത്തപ്പെടുന്നു. പശു, എരുമ തുടങ്ങിയ അയവെട്ടുന്ന മൃഗങ്ങളില്‍ സങ്കീര്‍ണ്ണമായ ദഹനപ്രക്രിയ വഴി ഉത്പാദിപ്പിക്കപ്പെടുന്ന ചൂടും ചുറ്റുപാടിലേക്ക് പുറന്തള്ളപ്പെടുന്നു. ആഹാരശേഷം രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ ഈ ചൂടിന്റെ ഉൽപാദനം അതിന്റെ ഉച്ചസ്ഥായിലെത്തുന്നു. കറവമാടുകളില്‍ പാലുൽപാദനത്തിന്റെ തോതനുസരിച്ച് ശരീര ഊഷ്മാവില്‍ വ്യതിയാനങ്ങള്‍ കാണപ്പെടുന്നു. 18 ലിറ്ററോളം പാലുൽപാദിപ്പിക്കുന്ന ഒരു പശു 30 ശതമാനത്തോളം കൂടുതല്‍ ചൂട് (സാധാരണയില്‍ കവിഞ്ഞ്) ഉൽപാദിപ്പിക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ കാരണം കൊണ്ടുതന്നെ, കൂടുതല്‍ പാലുൽപാദിപ്പിക്കുന്ന മാടുകള്‍ ചൂടുകാലങ്ങളില്‍ ഏറിയ ശാരീരിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്.
ചൂടിന്റെ ചുറ്റുപാടിലേക്കുള്ള വ്യാപനം ഫലപ്രദമായി നടത്തുവാന്‍ കൂടിയ അന്തരീക്ഷ ഊഷമാവ് ഒരു തടസമാകുന്നു. ശരീരത്തില്‍തന്നെ അടിഞ്ഞുകൂടുന്ന ചൂട് ശരീരോഷ്മാവ് ഉയര്‍ത്താനും പനിയുടേതുപോലുള്ള അവസ്ഥ സൃഷ്ടിക്കാനും ഇടയാക്കും. ഈ അവസ്ഥയില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും പ്രകടമായ അസ്വസ്ഥതയുടെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്നു. സാധാരണയായി ഒരു പ്രത്യേക പരിധിക്കുള്ളില്‍ അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുന്നില്ല. ഈ പരിധി നമ്മുടെ പശുക്കളെ സംബന്ധിച്ചിടത്തോളം 10 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരേയും, എരുമകള്‍ക്ക് 4 മുതല്‍ 21 വരേയുമാണ്. ഈ പരിധിക്ക് പുറത്തുവരുന്ന ഏറ്റക്കുറച്ചിലുകളാണ് ഉരുക്കളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നത്. കട്ടികൂടിയതും കൂടുതല്‍ ചൂട് ആഗിരണം ചെയ്യാന്‍ കഴിയുന്നതുമായ കറുത്തതൊലിയും വിയര്‍പ്പുഗ്രന്ഥികളുടെ വളരെക്കുറഞ്ഞ സാന്നിധ്യവും എരുമകളില്‍ സ്ഥിതി വളരെ രൂക്ഷമാക്കുന്നു.
ചൂട് പ്രശ്നമാകുന്നതിന്റെ ലക്ഷണങ്ങൾ
കൂടിയ ശരീരോഷ്മാവ് ഒരു രോഗാവസ്ഥയില്‍ എത്തുന്നത് ക്രമേണ കൂടിവരുന്ന ലക്ഷണങ്ങളുടെ തീവ്രതയില്‍നിന്നും മനസ്സിലാക്കാം. തീറ്റയെടുക്കാനുള്ള താൽപര്യക്കുറവ്, മേച്ചില്‍ സ്ഥലങ്ങളില്‍ തണലുള്ളിടത്ത് മേയാതെ മാറി നില്‍ക്കുക, വെള്ളം ശരീരത്തില്‍ തട്ടിത്തെറിപ്പിക്കുന്നതിനുള്ള പ്രവണത കാണിക്കുക, കിടക്കാനുള്ള മടി, വായില്‍നിന്നു നുരയും പതയും വരിക, നാക്ക് പുറത്തേക്ക് നീട്ടി കിതയ്ക്കുക, ശരീരത്തില്‍ തൊട്ടുനോക്കുമ്പോള്‍ പൊള്ളുന്ന ചൂട് അനുഭവപ്പെടുക എന്നിവ ഈ ലക്ഷണങ്ങളില്‍ ചിലതാണ്. മേല്‍പ്പറഞ്ഞവ കൂടാതെ എരുമകളില്‍ വയറിനടിയലും കാലുകള്‍ക്കിടയിലുമൊക്കെ ചുവപ്പു നിറവും ചിലപ്പോള്‍ കണ്ടുവരുന്നു. ഏറ്റവും തീക്ഷ്ണമായ അവസ്ഥയില്‍ അപസ്മാര ലക്ഷണങ്ങളും മരണം തന്നെയും സംഭവിക്കാം.
ശരീരത്തിലെ ജലാംശം കുറയുന്നത് അപകടം.
അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോള്‍ ശരീര താപനില ഉയരുകയും കോശങ്ങളിലെ ജലം ഉപയോഗപ്പെടുത്തി ജീവന്‍ നിലനിര്‍ത്തുകയും ചെയ്യുമ്പോള്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും രോഗാവസ്ഥയില്‍ എത്തുകയും ചെയ്യുന്നു.
വരണ്ട തൊലി, കുഴിഞ്ഞ കണ്ണുകള്‍, മൂക്ക്, മോണ, കണ്‍പോള എന്നിവ വരളുക, ചുണ്ട് നക്കുക, മറ്റുള്ളവയെ ചവിട്ടുകയും കുത്തുകയും ചെയ്യുക, ഭാരക്കുറവ്, തീറ്റകുറയുക, ശോഷിച്ച ശരീരം, മൂത്രത്തിന്റെ അളവ് കുറയുക, ചലനമറ്റ് കിടക്കുക എന്നിവയാണ് പ്രകടമായ ലക്ഷണങ്ങള്‍.
ഉടൻ ചെയ്യേണ്ടത്
ശരീരത്തില്‍നിന്ന് നഷ്ടപ്പെട്ട ജലം ഉടന്‍തന്നെ നിശ്ചിത അളവില്‍ തിരികെ നല്‍കുന്നതാണ് പ്രഥമിക ചികിത്സ. ഇതിന് വെറ്ററിനറി സഹായം തേടി നിര്‍ജലീകരണ ശതമാനം (Percentage of dehydration) അറിയണം. 2 ശതമാനം സാധാരണവും 14 ശതമാനവും അതിനുമേലും മാരകവുമാണ്. 8 ശതമാനം മുതല്‍ സിരകളില്‍കൂടി ഇലക്‌ട്രോളൈറ്റ് ലായനികള്‍ തീര്‍ച്ചയായും കുത്തിവയ്ക്കണം.
നിര്‍ജലീകരണം തടയുന്നതിനുള്ള ലവണ മിശ്രിതവും, ലായനികളും (Electrolytes) മരുന്നുഷോപ്പുകളില്‍ ലഭ്യമാണ്. ഇവ തീറ്റയിലോ വെള്ളത്തിലോ കലര്‍ത്തിക്കൊടുക്കാം.
2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ (7-14 ദിവസം, ഉല്‍പാദനക്ഷമത കൂട്ടാന്‍)
6 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ (2 മണിക്കൂര്‍ ഇടവിട്ട് പകല്‍ സമയത്ത് ചൂടിനെ അതിജീവിക്കാന്‍)
6 ടീസ്പൂണ്‍ 5 കിലോ തീറ്റയില്‍ (2 മണിക്കൂര്‍ ഇടവിട്ട് പകല്‍ സയമത്ത് ചൂടിനെ അതിജീവിക്കാന്‍)
*കരുതല്‍ നടപടികള്‍
ഉരുക്കള്‍ക്ക് നേരിട്ടുള്ള സൂര്യവികിരണങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിന് പശുക്കളേയും, എരുമകളേയും കാലത്ത് 9ന് മുമ്പോ വൈകിട്ട് മൂന്നിനു ശേഷമോ മാത്രമേ മേയാന്‍ അനുവദിക്കാവൂ. അതില്‍ത്തന്നെ 3നു ശേഷമുള്ള മേയലാണ് അഭികാമ്യം. കാരണം ദഹനപ്രക്രീയമൂലം ഉണ്ടാകുന്ന ചൂട് അധികമായി പുറത്തുവിടുന്നത് അന്തരീക്ഷ ഊഷ്മാവ് ഏറ്റവും ഉയര്‍ന്നിരിക്കുന്ന ഉച്ചനേരങ്ങളില്‍ ആവാതിരിക്കാന്‍ ഇതു സഹായിക്കുന്നു.
മേച്ചില്‍ സ്ഥലങ്ങളിലും തൊഴുത്തിലും കുടിക്കാനുള്ള വെള്ളം എപ്പോഴും ലഭ്യമാക്കണം.
ശരീര ഊഷ്മാവ് ഓരോ ഡിഗ്രി കൂടുമ്പോഴും ഒരു കിലോഗ്രാംവീതം തീറ്റയെടുക്കുന്നതില്‍ കുറവ് വരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയുന്ന അവസരത്തില്‍ അതിന്റെ ഗുണമേന്മ കൂട്ടുന്നത് പോഷകക്കുറവ് നികത്താന്‍ സഹായിക്കും. മാംസ്യവും പൂരിത കൊഴുപ്പുകളും ഉയര്‍ന്ന അളവില്‍ അടങ്ങിയ പരുത്തിക്കുരുവും മുന്തിയ മാംസ്യ സ്രോതസ്സായ ബൈപ്പാസ് പ്രോട്ടീനുകളും ഈ കാലഘട്ടത്തില്‍ കൊടുക്കുന്നത് പാലുൽപാദനത്തിന് ഏറെ സഹായകമാകും. കൂടാതെ വിറ്റാമിനുകളും ധാതുക്കളും അടങ്ങുന്ന മിശ്രിതം നിശ്ചിത അളവില്‍ നിത്യന നല്‍കുന്നതും നല്ലതാണ്.
പുല്ലിന്റെ ദൗര്‍ലഭ്യം നികത്തുന്നതിനായി അധികമായി കഞ്ഞി ഈ കാലഘട്ടങ്ങളില്‍ കറവമാടുകള്‍ക്ക് നല്‍കുന്നത് ആശാസ്യമല്ല. പതിവായി ശീലിപ്പിച്ച അളവില്‍ കൂടുതലായി കഞ്ഞി നല്‍കിയാല്‍ പച്ചപ്പുല്ലിന്റെ അഭാവത്തില്‍ ആമാശയത്തിലെ അമ്ലത വർധിക്കാനും, അത് പശുവിന്റെ ആരോഗ്യത്തെ അപകടകരമാംവിധം ബാധിക്കുവാനും ഇടയാക്കുന്നു.
പച്ചപ്പുല്ലിന്റെ അഭാവത്തിലുണ്ടാകുന്ന ആമാശയത്തിലെ അമ്ലത ഒരു വേനല്‍ക്കാല പ്രശ്‌നമായതിനാല്‍ അത് ഒഴിവാക്കുന്നതിനായി സോഡിയം ബൈ കാര്‍ബണേറ്റും, മഗ്നീഷ്യം ഓക്‌സൈഡും 3:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതം കാലിത്തീറ്റയില്‍ 1 മുതല്‍ ഒന്നര ശതമാനംവരെ ചേര്‍ത്ത് ഈ കാലഘട്ടങ്ങളില്‍ നല്‍കാവുന്നതാണ്.
കാലത്ത് 11 മുതല്‍ ഉച്ചയ്ക്ക് 3 വരെ കറവമാടുകളെ തൊഴുത്തിലോ തണലുള്ളിടത്തോ നിറുത്തേണ്ടതാണ് (എരുമകളെ ജലാശയങ്ങളില്‍ മുങ്ങിക്കിടക്കാന്‍ അനുവദിക്കുന്നതാണ് അഭികാമ്യം). ഈ അവസരങ്ങളില്‍ രണ്ടുപ്രാവശ്യമെങ്കിലും ശരീരത്തില്‍ വെള്ളം തളിക്കണം. തൊഴുത്തുകളില്‍ പശുക്കളുടെ പുറത്ത് വെള്ളം വീഴാവുന്ന രീതിയില്‍ ഷവറുകള്‍ ഘടിപ്പിക്കുന്നതിനും, ചൂട് കൂടുന്ന സമയങ്ങളില്‍ 3 മിനിറ്റ് നേരത്തേക്ക് രണ്ട് മണിക്കൂര്‍ ഇടവിട്ട് വെള്ളം തുറന്നിടുന്നതും ഏറെ ഗുണം ചെയ്യും.
ചൂട് കൂടുതലുള്ള കാലങ്ങളില്‍ പരുഷാഹാരമായ വൈക്കോല്‍ രാത്രികാലങ്ങളിലും, പച്ചപ്പുല്ല് ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമായി നല്‍കണം. കാലിത്തീറ്റയോടൊപ്പം യീസ്റ്റ് 10 ഗ്രാം എന്ന നിരക്കില്‍ നല്‍കുന്നത് നല്ലതാണ്. ഊർജം അധികമുള്ള ഭക്ഷണങ്ങളായ അരി, ധാന്യങ്ങള്‍, കപ്പ തുടങ്ങിയവ ചൂടുകൂടിയ സമയങ്ങളില്‍ നല്‍കുന്നത് ഒഴിവാക്കുക.
തൊഴുത്തിനുള്ളില്‍ പരമാവധി വായുസഞ്ചാരം ലഭ്യമാക്കിയും മേല്‍ക്കൂരയില്‍ ഓല, ഉണങ്ങിയ പുല്ലുകള്‍ എന്നിവ നിരത്തിയും ഷെഡ്ഡില്‍ ഫാന്‍ ഘടിപ്പിച്ചും സ്പ്രിംഗ്‌ളര്‍/ഷവര്‍ ഉപയോഗിച്ചും പശുക്കളുടെ ശരീരതാപം നിയന്ത്രിക്കാം. തൊഴുത്തിനു ചുറ്റും തണല്‍മരങ്ങള്‍ വച്ചുപിടിപ്പിച്ചും ചൂട് കുറയ്ക്കാം.
ശരീരത്തില്‍ നിന്നു പുറന്തള്ളുന്ന ജലത്തിലൂടെ ധാതുലവണങ്ങള്‍ നഷ്ടപ്പെടുന്നതിനാല്‍ തീറ്റയില്‍ ധാതുലവണ മിശ്രിതം ഉള്‍പ്പെടുത്തണം. ധാതുലവണങ്ങളായ സെലിനിയം, കാഡ്‌മിയം, സിങ്ക്, കൊബാള്‍ട്ട് എന്നീ ധാതുക്കള്‍ ചൂടു മൂലമുള്ള ആഘാതങ്ങളെ കുറയ്ക്കാന്‍ സഹായിക്കുന്നു.
ഉദ്ദേശം 250 കിലോ ഭാരമുള്ള ഒരു പശുവിന് ചുരുങ്ങിയത് 1.25 കിലോ തീറ്റയും 5 കിലോ വീതം പച്ചപ്പുല്ലും വൈക്കോലും നല്‍കണം. ഓരോ ലിറ്റര്‍ പാലിനും ഒരു കിലോവീതം അധികം നല്‍കണം. 6 മാസം ഗര്‍ഭിണിയായാല്‍ ഒരു കിലോ തീറ്റ വേറെയും കൊടുക്കണം. പച്ചപ്പുല്ല് ലഭ്യത കുറവാണെങ്കില്‍ മീനെണ്ണ നല്‍കുന്നതു നന്ന്.
തൊഴുത്ത് എങ്ങനെയാവണം.
തൊഴുത്തിന്റെ മേല്‍ക്കൂരയ്ക്ക് ചുരുങ്ങിയത് 10 അടി തറയില്‍നിന്ന് പൊക്കം ഉണ്ടായിരിക്കണം. തൊഴുത്തില്‍ ഒരു പശുവിന് 1.7 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയും അനുവദിക്കണം. ശുദ്ധമായ വെള്ളം വേണ്ടുവോളം നല്‍കണം. ചാണകം മൂത്രം എന്നീ വിസർജ്യങ്ങള്‍ യഥാസമയം മാറ്റി കഴുകി അണുനാശിനി കലര്‍ത്തിയ ലോഷന്‍ തളിക്കണം. മേല്‍ക്കൂരയിലും ചുറ്റിലും വെള്ളം സ്‌പ്രേ ചെയ്യണം. ഉരുക്കളെ ദിവസം രണ്ടോ, മൂന്നോ തവണ കുളിപ്പിക്കണം.
പച്ചപ്പുല്ലിന്റെ കുറവ് വെല്ലുവിളി.
ഏതു കൊടും ചൂടിലും പച്ചപ്പുല്ല് സമൃദ്ധമായി ഉണ്ടായാൽ പശുക്കൾക്ക് ആശ്വാസമാകും. എന്നാൽ ഇത് പ്രായോഗിമായി നടക്കാൻ ബുദ്ധിമുട്ടാണ്. പച്ചപ്പുല്ലിന്റെ കുറവ് അൽപമെങ്കിലും പരിഹരിക്കാൻ യൂറിയ ചേർത്ത വൈക്കോൽ, അസോള, സൈലേജ്, ഹൈഡ്രോപോണിക്സ് എന്നിവയുടെ സാധ്യത ഉപയോഗപ്പെടുത്താം.
കടപ്പാട്:manorama news onlineകൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ