നാടൻ പശു കൂടുതൽ വിവരങ്ങൾ മനസിലാക്കാം

നാടൻ പശുവിനെ വളർത്താൻ ആഗ്രഹിക്കുന്നുണ്ടോ ..എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ മനസ്സിലാക്കി ഇരിക്കണം.

ഇഷ്ടപെട്ടാൽ #share ചെയ്യാൻ മറക്കല്ലേ.....മുട്ട കോഴി/താറാവ് വളർത്തൽ/മൃഗപരിപാലനം/കൃഷി എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ  ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.(https://www.facebook.com/muttakozhitharavu/)

ജൈവകൃഷിക്കു പ്രാധാന്യം വന്നതോടെ കൃഷി പുഷ്ടിപ്പെടാൻ ഒരു നാടൻ പശുകൂടി വേണമെന്നതാണ് എല്ലാവരുടെയും ആഗ്രഹം.

മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ സുഭാഷ് പാലേക്കറുടെ ചെലവില്ലാക്കൃഷിയുടെ പ്രചാരത്തോടെയാണ് നാടൻ പശുക്കളെ സംരക്ഷിക്കണമെന്നൊരു ബോധ്യം നമുക്കും വന്നത്. അമിതരാസവള പ്രയോഗത്തെ തുടർന്നു സൂക്ഷ്മജീവികളെല്ലാം മണ്ണിൽനിന്നു ചത്തൊടുങ്ങുന്നു. നാടൻ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചു മണ്ണിൽ സൂക്ഷ്മാണുജീവികളുടെ എണ്ണം വർധിപ്പിക്കാം. നാടൻ പശുവിന്റെ ഒരു ഗ്രാം ചാണകത്തിൽ അഞ്ഞൂറു കോടിവരെ സൂക്ഷ്മാണുജീവികളുണ്ട്.

കേരളത്തിൽ എല്ലായിടത്തും അതതു കാലാവസ്ഥയ്ക്ക് ഇണങ്ങിയ നാടൻ പശുക്കൾ ധാരാളമുണ്ടായിരുന്നു. എന്നാൽ, ധവളവിപ്ലവം വന്നതോടെ നാടൻ പശുക്കളെ ആർക്കും വേണ്ടാതെയായി. അവശേഷിച്ച നാടൻ ഇനങ്ങൾക്ക് ഇപ്പോൾ ആവശ്യക്കാർ കൂടുതലാണുതാനും.

#കാസർകോട്_കുള്ളൻ, #വെച്ചൂർ, #വടകര, #വില്വാദ്രി, #അനങ്ങൻമല, #ചെറുവള്ളി, #കുട്ടമ്പുഴ എന്നിവയാണ് ഇപ്പോഴുള്ള പ്രധാന നാടൻ ഇനങ്ങൾ. അതോടൊപ്പം കർണാടകയിലെ #കപില, #ഗുജറാത്തിലെ_ഗിർ, #ആന്ധ്രയിലെ_ഓങ്കോൾ എന്നിവയെയും ആളുകൾ വളർത്തുന്നുണ്ട്.

#കാസർകോട്_കുള്ളൻ

കാസർകോട് ജില്ലയിൽ മാത്രം കണ്ടുവന്നിരുന്നതുകൊണ്ടാണ് ഈ പേരു വന്നത്. മൂന്നാർ ഒഴികെയുള്ള കേരളത്തിലെ ഏതു കാലാവസ്ഥയിലും ഇവ ജീവിക്കും. മനുഷ്യരോടു പെട്ടെന്ന് ഇണങ്ങുന്ന ഇവയെ കെട്ടിയിട്ടു തീറ്റകൊടുക്കുന്നത് അഭികാമ്യമല്ല. രോഗപ്രതിരോധശേഷി കൂടുതലാണ്.
80 മുതൽ 90 സെന്റീമീറ്റർ വരെയാണ് ഉയരം. ചെറിയ തലയും ചെറിയ പൂഞ്ഞുമാണുണ്ടാകുക. കാലുകൾക്കു വണ്ണം കുറവായിരിക്കും.

ഒന്നര മുതൽ മൂന്നു ലീറ്റർ വരെ പാൽ ദിവസേന ലഭിക്കും. ഇവയുടെ പാലിനു കട്ടി കുറവായിരിക്കും.

#വെച്ചൂർ_പശു

കോട്ടയം ജില്ലയിലെ വെച്ചൂരിലാണ് ഇവ കൂടുതലുണ്ടായിരുന്നത്. ചതുപ്പു പ്രദേശത്താണ് ഈ പശുക്കൾ ജീവിക്കുന്നത്. കൂടുതൽ ചൂടു താങ്ങാനുള്ള ശേഷിയില്ല. കേരളത്തിൽ ഇരുന്നൂറിൽ താഴെ എണ്ണം മാത്രമേയുള്ളൂവെന്നാണു കണക്ക്.

95 സെന്റീമീറ്റർ ആണു കൂടിയ ഉയരം. ദിവസേന മൂന്നു ലീറ്റർ പാൽവരെ ലഭിക്കും. പാലിനു താരതമ്യേന കൊഴുപ്പു കൂടുതലാണ്.

#വടകര

കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ഇവയെ കാണുന്നത്. നാടൻ പശുക്കളിൽ കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്നത് ഇവയാണ്. അഞ്ചു ലീറ്റർ വരെ പാൽ ദിവസവും ലഭിക്കും. 95 സെന്റീമീറ്റർ വരെയാണ് ഉയരം. കാസർകോട് കുള്ളനെപ്പോലെ ചൂടു സഹിക്കാനുള്ള കഴിവു കൂടുതലാണ്.

#വില്വാദ്രി

പാലക്കാട്, തൃശൂർ അതിർത്തിയിൽ തിരുവില്വാമലയ്ക്കു പരിസരത്തു കാണുന്നതിനാലാണ് ഇവയെ വില്വാദ്രിയെന്നു വിളിക്കുന്നത്. ഒരടി ഉയരത്തിലുള്ള കൊമ്പാണ് ഇവയുടെ പ്രത്യേകത. മനുഷ്യനോടു പെട്ടെന്ന് ഇണങ്ങുകയില്ല. ഇണങ്ങിയാൽ വലിയ സ്നേഹമായിരിക്കും. ഏതു വരണ്ട കാലാവസ്ഥയിലും ഇവ ജീവിക്കും. വനപ്രദേശത്തു ജീവിക്കുന്ന ഇവ കൊമ്പുകൊണ്ടു മരത്തിന്റെ തൊലി ഇളക്കിയെടുത്തു കഴിക്കുന്നവയാണ്.

90 മുതൽ 100 സെന്റീമീറ്റർ വരെയാണ് ഉയരം. മൂന്നു ലീറ്റർ പാൽ വരെ ദിവസേന ലഭിക്കും.

#ചെറുവള്ളി

ചെറുവള്ളി പശു
കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് പരിസരത്തു വളരുന്ന പശുക്കളാണിത്. ഉയർന്നുനിൽക്കുന്ന പൂഞ്ഞ് പ്രത്യേകതയാണ്. രണ്ടുമുതൽ മൂന്നു ലീറ്റർ വരെ പാൽ നിത്യേന ലഭിക്കും. 90 സെന്റീമീറ്റർ വരെ മാത്രമാണ് ഉയരം.

#കുട്ടമ്പുഴ

കോതമംഗലം ഭാഗത്തു കണ്ടുവരുന്ന നാടൻ ഇനമാണിത്. വന്യമായ സ്വഭാവം കാണിക്കുന്ന ഇവ പെട്ടെന്ന് ഇണങ്ങുകയില്ല. മൂന്നര ലീറ്റർ വരെ പാൽ ലഭിക്കും.

#അനങ്ങൻമല

ഷൊർണൂരിനടുത്തുള്ള അനങ്ങൻമലയിലാണ് ഇവ കൂടുതലുള്ളത്. ചെറിയ കൊമ്പ്, ഒതുങ്ങിയ ശരീരം. ഉയരം കുറഞ്ഞ, പ്രതിരോധശേഷി കൂടിയ ഇനമാണ് അനങ്ങൻമല. രണ്ടു ലീറ്റർ വരെ ദിവസവും പാൽ ലഭിക്കും.

#കാസർകോട്_കപില_ഗോശാല

കേരളത്തിലെ എല്ലാ നാടൻ പശുക്കളെയും സംരക്ഷിക്കുന്ന ഗോശാലയാണു കാസർകോട് ജില്ലയിലെ കപില. മഞ്ചേശ്വരത്തും ചീമേനിയിലെ ഞണ്ടാടിയിലുമായി രണ്ടു ഫാമുണ്ട്. 30 വ്യത്യസ്‌ത ഇനത്തിലായി അൻപതോളം പശുക്കളുണ്ടിവിടെ.

വിദേശ – സങ്കര ഇനം പശുക്കളെ വളർത്താനുള്ളതുപോലെയുള്ള ബുദ്ധിമുട്ടും ചെലവുമില്ല നാടൻ ഇനങ്ങൾക്ക്. സങ്കരയിനം പശുവായ എച്ച്എഫിന് ഒരു ദിവസം 40 കിലോ ഭക്ഷണം വേണ്ടിവരുമ്പോൾ, നാടന് അതിന്റെ നാലിലൊന്നു മതി. അതിജീവനശേഷി കൂടുതലാണു നാടൻ ഇനത്തിന്. ഒരു ദിവസം പത്തു കിലോ പുല്ലും തവിടും മാത്രം നൽകിയാൽ മതി.

പ്രത്യേകം നിർമിച്ച ടാങ്കിലേക്കാണു മൂത്രം ശേഖരിക്കുക. ചാണകം മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കും. പഞ്ചഗവ്യം, ഘനജീവാമൃതം, അർക്ക എന്നിവയെല്ലാം ഇവിടെ ഉണ്ടാക്കുന്നുണ്ട്. നാടൻ പശുവിന്റെ നെയ്യ് വാങ്ങാനാണു കൂടുതൽപേർ എത്തുന്നത്. 3000 രൂപയാണ് ഒരു കിലോയുടെ വില.
എട്ടു ലക്ഷം രൂപ മുതൽമുടക്കിലാണു കപില ഫാം ഒരുക്കിയിരിക്കുന്നത്. ഫാമിലെ പശുക്കൾക്കു പ്രായമായാൽ കൊല്ലാൻ കൊടുക്കുകയില്ല. പകരം, മൈസൂരുവിലെ പശുക്കളുടെ വൃദ്ധമന്ദിരത്തിലേൽപിക്കുമെന്ന് ഫാം നടത്തുന്ന പി.കെ. ലാൽ പറഞ്ഞു.

#അന്യസംസ്ഥാന_നാടൻമാർ

#കപില

ദക്ഷിണ കർണാടകയിൽ മാത്രമായി അവശേഷിച്ചിരുന്ന കുള്ളൻപശുക്കളാണു കപില. കപിലമഹർഷി പാലിനും കൃഷിക്കുമായി വളർത്തിയതുകൊണ്ടാണ് ഇവയെ കപില എന്നു വിളിക്കുന്നതത്രേ. പണ്ടു ക്ഷേത്രങ്ങളിൽ മാത്രമാണ് ഇവയെ വളർത്തിയിരുന്നത്. പാലിനും മൂത്രത്തിനും ചാണകത്തിനും ഔഷധഗുണം കൂടുതലാണെന്നു പറയുന്നു. 85 സെന്റീമീറ്റർ വരെയാണ് ഉയരം. രോഗപ്രതിരോധശേഷി കൂടുതലാണ്, കുറച്ചു ഭക്ഷണം മതി എന്നിവയാണു മറ്റു പ്രത്യേകതകൾ. നിത്യേന രണ്ടു ലീറ്റർ പാൽ ലഭിക്കും. പാൽ, മൂത്രം, ചാണകം എന്നിവയിൽനിന്നു നാട്ടുവൈദ്യൻമാർ പലതരം മരുന്നുകൾ ഉണ്ടാക്കുന്നുണ്ട്.

#ഓങ്കോൾ

ആന്ധ്രയിൽ കാണുന്ന ഇവയ്ക്കും പ്രതിരോധശേഷി കൂടുതലാണ്. കേരള കാലാവസ്ഥ ഇവയ്ക്ക് അനുയോജ്യമാണ്. ഏഴടിവരെ ഉയരമുണ്ടാകും. എട്ടു ലീറ്റർ വരെ പാൽ ലഭിക്കും.

#ഗിർ

ഗുജറാത്തിലെ ഗിർ പശുക്കളെയും ഇപ്പോൾ കേരളത്തിൽ വളർത്തുന്നുണ്ട്. അസുഖം തീരെയുണ്ടാകില്ല എന്നതാണ് ഇവയുടെ പ്രത്യേകത. 25 ലീറ്റർ വരെ പാൽ ലഭിക്കും.

#ബീജാമൃതവും #ജീവാമൃതവും

#ബീജാമൃതം: 

വിത്തുപരിചരണത്തിനാണു ബീജാമൃതം ഉപയോഗിക്കുന്നത്. നാടൻ പശുവിന്റെ ചാണകവും മൂത്രവുംതന്നെയാണു പ്രധാനം. അഞ്ചു കിലോ ചാണകവും അഞ്ചു ലീറ്റർ മൂത്രവും മരത്തിനു ചുവട്ടിലെ ഒരുപിടി മണ്ണും (രാസവളം തൊടാത്തത്) 20 ലീറ്റർ വെള്ളവും 50 ഗ്രാം ചുണ്ണാമ്പുമാണു വേണ്ടത്. എല്ലാം നന്നായി ഇളക്കിച്ചേർത്ത് 12 മണിക്കൂർ (ഒരു രാത്രി) ഇളക്കാതെ വയ്‌ക്കണം. അടുത്ത ദിവസം ഉപയോഗിക്കാം.
വിത്തിൽ പറ്റിയിരിക്കുന്ന ബാക്‌ടീരിയകളെ ബീജാമൃതത്തിലെ സൂക്ഷ്‌മജീവികൾ നശിപ്പിക്കുന്നു. നെല്ലിനു ഞാറു നടുന്നതിനു മുൻപും പച്ചക്കറിവിത്തുകൾ നടുമ്പോഴുമെല്ലാം ബീജാമൃതത്തിൽ മുക്കി നടാം.

#ജീവാമൃതം: 

മണ്ണിൽ സൂക്ഷ്‌മജീവികളുടെ എണ്ണം കൂട്ടാൻവേണ്ടിയാണു ജീവാമൃതം ഉപയോഗിക്കുന്നത്. ജീവാമൃതം ഉപയോഗിക്കുന്ന കൃഷിയിടത്തിൽ കീടശല്യം കുറവായിരിക്കും. മണ്ണിലെ 15 താഴ്‌ചയിൽനിന്നുപോലും മണ്ണിരകൾ മുകളിലെത്തുമെന്നാണു പറയുന്നത്.

നാടൻ പശുവിന്റെ ചാണകം 10 കിലോ, മൂത്രം 10 ലീറ്റർ, ശർക്കര രണ്ടു കിലോ, പയർപ്പൊടി രണ്ടു കിലോ, രാസവളം തൊടാത്ത മണ്ണ് ഒരുപിടി, 200 ലീറ്റർ കിണറ്റിലെ വെള്ളം എന്നിവയാണു ജീവാമൃതം ഉണ്ടാക്കാൻ വേണ്ടത്. വലിയ ബാരലിൽ ഇവയെല്ലാം ചേർത്ത് ചണച്ചാക്കുകൊണ്ടു മൂടി തണലിൽ വയ്‌ക്കുക. ദിവസവും മൂന്നു നേരം വലതുഭാഗത്തേക്ക് ഇളക്കുക. എട്ടാമത്തെ ദിവസംമുതൽ ഉപയോഗിക്കാം. അഞ്ചു ദിവസംവരെ ഇതു സൂക്ഷിക്കാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുട്ട കോഴി വളർത്തൽ, നല്ല ഇനം കോഴികളെ പരിചയപ്പെടാം

മുളക് കൃഷി

പക്ഷി പനി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസിലാക്കാം